Thursday 21 June 2012

കുഞ്ഞുങ്ങൾ ഉൽഘാടകരായി,കൂട്ടിന് അമ്മമാരും.

കാഞ്ഞിരപ്പൊയിൽ:‘അമ്മേ,അമ്മേ..ഈ കഥ വായിച്ചു താ...’ബീന ടീച്ചർ നൽകിയ പുസ്തകങ്ങളുമായി കുട്ടികൾ അമ്മമാർക്കു ചുറ്റും കൂടി.ക്ലാസ്സ് പി.ടി.എ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ അമ്മമാർ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും ടീച്ചർ കാര്യം വിശദീകരിച്ചപ്പോൾ അവർക്ക് ഏറെ ഉത്സാഹം..വായനാവാരത്തിന്റെ ഭാഗമായി ടീച്ചർ നൽകിയ പുസ്തകം,വീട്ടിൽ പോയി അമ്മയോട് വായിച്ചുതരാൻ പറയണമെന്ന് രാവിലെ തന്നെ ടീച്ചർ  കുട്ടികളെ  ചട്ടം കെട്ടിയിരുന്നു.അതാണ് അമ്മമാരെ കണ്ടപ്പോൾത്തന്നെ കുട്ടികൾ അടുത്തേക്കോടിയെത്തിയത്.കാഞ്ഞിരപ്പൊയിൽ ഗവ.യു.പി.സ്കൂളിൽ ആസൂത്രണം ചെയ്ത ‘അമ്മ വായനയിൽ നിന്ന് കുഞ്ഞുവായനയിലേക്ക്‘ എന്ന പരിപാടിക്ക് , ഒന്നും രണ്ടും ക്ലാസ്സുകളിലെ ക്ലാസ്സ് പി.ടി.എ യോഗത്തോടെ വായനാദിനത്തിൽ തുടക്കം കുറിച്ചു.യോഗത്തിന്റ് തുടർച്ചയായി പൊതു വേദിയിൽ വെച്ച് ഒന്നാം ക്ലാസ്സിലെ 22 കുട്ടികളും തങ്ങൾക്കു ലഭിച്ച പുസ്തകങ്ങൾ അമ്മമാർക്കു കൈമാറിക്കൊണ്ട് വായനാവാരത്തിന്റെ ഉൽഘാടകരായപ്പോൾ അതിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അമ്മമാർക്ക് അതിയായ സന്തോഷം.തങ്ങൾക്കു കിട്ടിയ പുസ്തകം സദസ്യർക്കു പരിചയപ്പെടുത്തിയ ശേഷമാണ് അവർ വേദി വിട്ടത്.രണ്ടാം ക്ലാസ്സിലെ അമ്മമാരുടെ യോഗത്തിൽ വെച്ച് വായനാസാമഗ്രികൾ പരിചയപ്പെടുത്തിക്കൊണ്ടാണ് സീത ടീച്ചർ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.റ്റീച്ചർ വായിച്ച കഥയുടെ ബാക്കി, കുട്ടികൾ വ്യക്തിഗതമായി എഴുതുന്നതും,ഗ്രൂപ്പിൽ പങ്കുവെച്ചു മെച്ചപ്പെടുത്തുന്നതും നേരിൽ  കണ്ട അമ്മമാർക്ക് മക്കളുടെ കഴിവിൽ അഭിമാനം!വരും ദിവസങ്ങളിൽ മറ്റുക്ലാസ്സുകളിലും ക്ലാസ്സ് പി.ടി.എ യോഗങ്ങൾ ചേർന്ന് വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ കുട്ടികൾ ഒരുക്കുന്നുണ്ട്.,പുസ്തകച്ചങ്ങാത്തം,പുസ്തക പ്രദർശനം,സാഹിത്യ ക്വിസ്,സംവാദം,സെമിനാർ ,കവിതാസ്വാദനം,പത്രവിശേഷം തുടങ്ങിയ പരിപാടികളും വായനാവാരത്തോടനുബബ്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കും.ഉൽഘാടനയോഗത്തിൽ വെച്ച് ,മൂന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികൾ നടത്തിയ പി.എൻ.പണിക്കർ അനുസ്മരണപ്രസംഗങ്ങളും മികച്ച നിലവാരം പുലർത്തി.അധ്യാപകനായ എ.സി.നന്ദകുമാറായിരുന്നു ഉൽഘാടന പരിപാടിയുടെ അവതാരകൻ.‘’പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?’‘ എന്ന എൻ.വി. ക്യ് ഷ്ണവാര്യരുടെ കവിതയുമായി  ഹരിനാരായണൻ മാഷും ,കുഞ്ഞുവായനയെക്കുറിച്ചുള്ള വി ശേഷങ്ങളുമായി ബാലസാഹിത്യകാരൻ കൂടിയായ വിനോദ്കുമാർ മാഷും പരിപാടിക്ക് കൊഴുപ്പേകി.പ്രധാനാധ്യാപകൻ കെ.നാരായണൻ,അധ്യാപകരായ രാകേഷ്,സുരേഷ്,അശോകൻ,ബാലചന്ദ്രൻ എന്നിവരും സഹായികളായി ഒപ്പം ഉണ്ടായിരുന്നു.












                                                                                                  

No comments:

Post a Comment