Tuesday 12 June 2012

കുഞ്ഞുകൈകളിൽ കുഞ്ഞുതൈകൾ...സ്കൂൾമുറ്റം പച്ചയണിയിക്കാൻ


കാഞ്ഞിരപ്പൊയിൽ:‘’ഞാൻ നട്ട മരം... എന്റെ മരം, ഞങ്ങൾ നട്ട മരം.. ഞങ്ങളുടെ മരം,നമ്മൾ നട്ട മരം..നമ്മുടെമരം’‘ എന്റെ മരം,നമ്മുടെ മരമായി  വളരുമ്പോൾ സ്കൂൾ മുറ്റം ഹരിതാഭമായി മാറുന്ന കാഴ്ച ഭാവനയിൽ കാണുകയാണ് കാഞ്ഞിരപ്പൊയിൽ സ്കൂളിലെ കുരുന്നുകൾ.‘എന്റെ മരം ‘പദ്ധതിയുടെ ഭാഗമായി പരിസരദിനത്തിൽ തങ്ങൾക്കു ലഭിച്ച കുഞ്ഞുതൈകൾ സ്കൂൾ പറമ്പിൽത്തന്നെ നട്ടു പരിപാലിക്കുമെന്ന തീരുമാനം ഒന്നാം ക്ലാസ്സിലെ കുട്ടികൾ എടുത്തപ്പോൾ രണ്ടും മൂന്നും ക്ലാസ്സിലെ കൂട്ടുകാരും അവർക്കൊപ്പം ചേർന്നു.പൂർണ പിന്തുണയുമായി ക്ലാസ്സധ്യാപകരും,ഇക്കോ ക്ലബ്ബിലെ മുതിർന്ന ചേട്ടന്മാരും എത്തിയപ്പോൾ പിന്നെ താമസിച്ചില്ല.ഇടയ്ക്കിടെ പെയ്ത ചാറ്റൽ മഴയെ കൂസാതെ കുഞ്ഞുകൈകൾ ,മരത്തൈകളുമായി സ്കൂൾ മുറ്റത്ത് അണിനിരന്നു.ഓരോ ക്ലാസ്സുകാരും തങ്ങൾക്കു നീക്കിവെച്ച ഇടങ്ങളിൽ അധ്യാപികമാരുടെ സഹായത്തോടെ ഓരോന്നോരോന്നായി നട്ടു പിടിപ്പിച്ചു..ഒന്നാം  ക്ലാസ്സുകാർ രണ്ടു കുട്ടികൾ വീതമൂള്ള ഗ്രൂപ്പുകളായാണ് മരം നട്ടത്..ഇവയുടെ പരിപാലനം അവർക്കു തന്നെയായിരുക്കുമെന്ന് ബീനടീച്ചർ ഓർമ്മിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ സന്തോഷം..തങ്ങൾ  ഏഴാം ക്ലാസ്സു കഴിഞ്ഞ് സ്കൂളിൽ നിന്നും വിട പറയുമ്പോഴേക്കും ഈ തൈകൾ വലിയ മരങ്ങളായി മാറുന്നതു കാണാൻ കാത്തിരിക്കുകയണ് കാഞ്ഞിരപ്പൊയിലിലെ കുരുന്നുകൾ....തൈകളുടെ വിതരണോൽഘാടനം പ്രധാനാധ്യാപകൻ കെ. നാരായണൻ നിർവഹിച്ചു.ക്ലാസ്സധ്യാപകരായ ബീന,സീത,സുരേഷ് എന്നിവരും ഇക്കോ ക്ലബ്ബിന്റെ ചുമതലക്കാരനായ ബാലചന്ദ്രൻ മാഷും,അധ്യാപകരായ വിനോദ്കുമാർ,രാകേഷ്,രാജേഷ് എന്നിവരും തൈകൾ നടുന്നതിന് കുട്ടികളെ സഹായിച്ചു. 













No comments:

Post a Comment