Friday 29 June 2012

രക്ഷിതാക്കൾക്ക് ആവേശം പകർന്ന് കാഞ്ഞിരപ്പൊയിലിലെ ക്ലാസ്സ് പി.ടി.എ

 പുതിയ  അധ്യയനവർഷത്തിലെ ആദ്യ മാസം പിന്നിടുമ്പോൾ ഞങ്ങൾ സംത്യ് പ്തരാണ്.പ്രവേശനോത്സവദിവസം ഉണ്ടായ ആവേശവും,കൂട്ടായ്മയും നിലനിർത്താൻ കഴിഞ്ഞു എന്നതുതന്നെയാണ് ഇതിനു കാരണം..ക്ലാസ് റൂം പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കാനും,നടന്ന കാര്യങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്താനും  സാധിച്ചിട്ടുണ്ട്..ജൂൺ രണ്ടാം വാരത്തിൽ വിളിച്ചുചേർത്ത രക്ഷാകർത്യ് സംഗമത്തിലെ
 പൂർണപങ്കാളിത്തം നൽകിയ ആവേശം ചെറുതല്ല.ഈ യോഗത്തിൽ വെച്ചാണ് ഒരുവർഷത്തെ അക്കാദമിക ലക്ഷ്യം രക്ഷിതാക്കൾക്കു മുമ്പിൽ അവതരിപ്പിച്ചത്.അത് നേടിയെടുക്കാനാവശ്യമായ പരിപൂർണ  സഹകരണം അവർ വാഗ്ദാനം ചെയ്തത് ശരിയായിരുന്നു എന്നതിന്റെ തെളിവായിരുന്നു വായനാവാരത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് പി.ടി.എ യോഗങ്ങളിലെ മികച്ച പങ്കാളിത്തവും ചർച്ചയും.
 സാമ്പ്രദായികരീതികളിൽ നിന്ന് വ്യത്യസ്തമായി ആസൂത്രണം ചെയ്ത സി.പി.ടി.എ യോഗങ്ങൾ രക്ഷിതാക്കൾ സഹർഷം സ്വാഗതം ചെയ്തു.എല്ലാ ക്ലാസ്സുകളിലും കൂടി എൺപതുശതമാനം പേരാണ് യോഗങ്ങളിൽ പങ്കെടുത്തതെന്ന റിപ്പോർട്ട് പി. ടി. എ  യോഗത്തിൽ വെച്ചപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു,  “ഇതേരീതിയിൽ  ക്ലാസ്സ് പി.ടി.എ  യോഗങ്ങൾ സംഘടിപ്പിച്ചാൽ തീർച്ചയായും അടുത്ത യോഗത്തിലെ പങ്കാളിത്തം നൂറുശതമാനം ആയി ഉയരും.” അധ്യാപകൻ ക്ലാസ്സ് എടുക്കുന്നത് നേരിൽ കാണാൻ അവസരം ലഭിച്ചത് എല്ലാവരെയും സന്തോഷിപ്പിച്ചു.ക്ലാസ്സിൽ തന്റെ കുട്ടിയുടെ പ്രതികരണവും,പ്രകടനവും കാണാനും അവർക്ക് അവസരം ലഭിച്ചു.പ്രവർത്തനങ്ങളിലൂ‍ടെ രൂപപ്പെട്ട ഉൽ‌പ്പന്നങ്ങളുടെ പ്രദർശനവും ചില ക്ലാസ്സുകളിൽ നടത്തുകയുണ്ടായി.
                സമയക്ലിപ്തതയോടെ യോഗങ്ങൾ നടത്താൻ സാധിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത.രണ്ടുമണിമുതൽ നാലുമണിവരെയായിരുന്നു യോഗസമയം.ക്യ് ത്യസമയത്ത് എത്തിയ ആളുകൾക്ക് മറ്റുള്ളവരെ കാത്ത് നേരം കളയാതെ, നേരെ ക്ലാസ്സ് മുറിയിൽ കയറി ഇരിക്കാം..അവിടെ അധ്യാപകന്റെ ക്ലാസ്സ്നടക്കുകയായിരിക്കും..അതു കാണാം. കൂടുതൽ രക്ഷിതാക്കൾ എത്തുന്ന മുറയ്ക്ക് കുട്ടികളുടെ പ്രകടനങ്ങൾ ആരംഭിക്കും.കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട സ്കിറ്റുകൾ,നാടൻപാട്ടുകൾ,ലഘു നാടകം,സംഭാഷണം......എന്നിങ്ങനെ ഓരോ ക്ലാസ്സിലും വ്യത്യസ്തങ്ങളായ വിഭവങ്ങൾ അധ്യാപകനും കുട്ടികളും ചേർന്ന് റെഡിയാക്കിയിട്ടുണ്ടാവും..ഒപ്പം വായനാ പ്രവർത്തനങ്ങളും നിർബന്ധമായും ഉണ്ടാവും.ആറം ക്ലാസ്സിലെ കൊച്ചുമിടുക്കി ചങ്ങമ്പുഴയുടെ ‘വാഴക്കുല’രക്ഷിതാക്കൾക്കു പരിചയപ്പെടുത്തിയത് ശ്രദ്ധേയമായി..
..ഏഴാം തരത്തിൽ വിനോദ്മാഷും,ആറാം  തരത്തിൽ രാകേഷ്മാഷും എടുത്ത ഇംഗ്ലീഷ് ക്ലാസ്സുകളും,അഞ്ചാംതരത്തിൽ ഹരിനാരായണൻ മാഷ് എടുത്ത ഹിന്ദി ക്ലാസ്സും രക്ഷിതാക്കൾക്കു പുതിയ അനുഭവമായി..മലയാളത്തിൽ വിശദീകരിക്കാതെ  തന്നെ ഇംഗ്ലീഷും ഹിന്ദിയും ഭംഗിയായി കൈകാര്യം ചെയ്യാൻ പറ്റുമെന്ന തിരിച്ചറിവ് പകർന്നു നൽകാൻ ഈ ക്ലാസ്സുകൾ ഉപകരിച്ചു.
 ...കുട്ടികൾ ഉണ്ടാക്കിയ ‘യുറീക്ക’ പരിചയപ്പെടുത്തിക്കൊണ്ട് നമ്മുടെ കുഞ്ഞുങ്ങൾക്കും ഇതുപോലെ എഴുതാനാകുമെന്ന് വിനോദ്മാഷ് പറഞ്ഞപ്പോൾ പലർക്കും വിശ്വാസമായില്ല.അടുത്ത യോഗത്തിനു വരുമ്പോൾ നേരിൽകണ്ട് ബോധ്യപെടാൻ അവസരം ഒരുക്കാമെന്ന് മാഷ് ഉറപ്പുനൽകി.
.                       ..വായനാശീലം വളർത്താനായി നാലിലാംകണ്ടം യു.പി.സ്കൂളിൽ തയ്യാറാക്കിയ ‘വായനയുടെ വസന്തം’ എന്ന വായനാസാമഗ്രി ഉപയോഗിച്ചാണ് ചില ക്ലാസ്സുകളിൽ വായനാപ്രവർത്തനങ്ങൾ വിശദീകരിച്ചത്.മുഴുവൻ കുട്ടികളെയും സ്വതന്ത്രവായനക്കാരാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇതുപോലുള്ള സാമഗ്രികൾ സഹായിക്കുമെന്ന് അധ്യാപകർ വ്യക്തമാക്കി..
 .


 മൂന്നാംക്ലാസ്സിൽ സുരേഷ് മാഷും കുട്ടികളും നാടൻ പാട്ടും,അഭിനയവും,വായനയും ഒക്കെയായി മുന്നേറിയപ്പോൾ,രക്ഷിതാക്കൾക്കും നല്ല താൽ‌പ്പര്യം.കുട്ടികളുടെ പ്രവർത്തനങ്ങളെ സൂചകങ്ങൾ വെച്ച് വിലയിരുത്താനും മാത്യ് കാ വായന നടത്താനും അവർ തയ്യാറായി. തങ്ങളുടെ മക്കളുടെ വായന മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യണമെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകാനും ഇത് സഹായകമായി.


 യു.പി.ക്ലാസ്സുകളിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഓരോ ക്ലാസ്സിലും പോയി രക്ഷിതാക്കളുമായി പരിചയപ്പെടുകയും തങ്ങൾ എടുക്കുന്ന വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.പ്രധാനാധ്യാപകൻ മുഴുവൻ യോഗങ്ങളിലും നേരിട്ടു പോയി സ്കൂളിന്റെ പൊതുവായ കാര്യങ്ങൾ സംസാരിച്ചു.ഇനിയങ്ങോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്തുക എന്നതും ഈ സന്ദർശനത്തിന്റെ ലക്ഷ്യമായിരുന്നു.തീർച്ചയായും അതുണ്ടാകുമെന്നു തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
















Thursday 21 June 2012

കുഞ്ഞുങ്ങൾ ഉൽഘാടകരായി,കൂട്ടിന് അമ്മമാരും.

കാഞ്ഞിരപ്പൊയിൽ:‘അമ്മേ,അമ്മേ..ഈ കഥ വായിച്ചു താ...’ബീന ടീച്ചർ നൽകിയ പുസ്തകങ്ങളുമായി കുട്ടികൾ അമ്മമാർക്കു ചുറ്റും കൂടി.ക്ലാസ്സ് പി.ടി.എ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ അമ്മമാർ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും ടീച്ചർ കാര്യം വിശദീകരിച്ചപ്പോൾ അവർക്ക് ഏറെ ഉത്സാഹം..വായനാവാരത്തിന്റെ ഭാഗമായി ടീച്ചർ നൽകിയ പുസ്തകം,വീട്ടിൽ പോയി അമ്മയോട് വായിച്ചുതരാൻ പറയണമെന്ന് രാവിലെ തന്നെ ടീച്ചർ  കുട്ടികളെ  ചട്ടം കെട്ടിയിരുന്നു.അതാണ് അമ്മമാരെ കണ്ടപ്പോൾത്തന്നെ കുട്ടികൾ അടുത്തേക്കോടിയെത്തിയത്.കാഞ്ഞിരപ്പൊയിൽ ഗവ.യു.പി.സ്കൂളിൽ ആസൂത്രണം ചെയ്ത ‘അമ്മ വായനയിൽ നിന്ന് കുഞ്ഞുവായനയിലേക്ക്‘ എന്ന പരിപാടിക്ക് , ഒന്നും രണ്ടും ക്ലാസ്സുകളിലെ ക്ലാസ്സ് പി.ടി.എ യോഗത്തോടെ വായനാദിനത്തിൽ തുടക്കം കുറിച്ചു.യോഗത്തിന്റ് തുടർച്ചയായി പൊതു വേദിയിൽ വെച്ച് ഒന്നാം ക്ലാസ്സിലെ 22 കുട്ടികളും തങ്ങൾക്കു ലഭിച്ച പുസ്തകങ്ങൾ അമ്മമാർക്കു കൈമാറിക്കൊണ്ട് വായനാവാരത്തിന്റെ ഉൽഘാടകരായപ്പോൾ അതിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അമ്മമാർക്ക് അതിയായ സന്തോഷം.തങ്ങൾക്കു കിട്ടിയ പുസ്തകം സദസ്യർക്കു പരിചയപ്പെടുത്തിയ ശേഷമാണ് അവർ വേദി വിട്ടത്.രണ്ടാം ക്ലാസ്സിലെ അമ്മമാരുടെ യോഗത്തിൽ വെച്ച് വായനാസാമഗ്രികൾ പരിചയപ്പെടുത്തിക്കൊണ്ടാണ് സീത ടീച്ചർ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.റ്റീച്ചർ വായിച്ച കഥയുടെ ബാക്കി, കുട്ടികൾ വ്യക്തിഗതമായി എഴുതുന്നതും,ഗ്രൂപ്പിൽ പങ്കുവെച്ചു മെച്ചപ്പെടുത്തുന്നതും നേരിൽ  കണ്ട അമ്മമാർക്ക് മക്കളുടെ കഴിവിൽ അഭിമാനം!വരും ദിവസങ്ങളിൽ മറ്റുക്ലാസ്സുകളിലും ക്ലാസ്സ് പി.ടി.എ യോഗങ്ങൾ ചേർന്ന് വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ കുട്ടികൾ ഒരുക്കുന്നുണ്ട്.,പുസ്തകച്ചങ്ങാത്തം,പുസ്തക പ്രദർശനം,സാഹിത്യ ക്വിസ്,സംവാദം,സെമിനാർ ,കവിതാസ്വാദനം,പത്രവിശേഷം തുടങ്ങിയ പരിപാടികളും വായനാവാരത്തോടനുബബ്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കും.ഉൽഘാടനയോഗത്തിൽ വെച്ച് ,മൂന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികൾ നടത്തിയ പി.എൻ.പണിക്കർ അനുസ്മരണപ്രസംഗങ്ങളും മികച്ച നിലവാരം പുലർത്തി.അധ്യാപകനായ എ.സി.നന്ദകുമാറായിരുന്നു ഉൽഘാടന പരിപാടിയുടെ അവതാരകൻ.‘’പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?’‘ എന്ന എൻ.വി. ക്യ് ഷ്ണവാര്യരുടെ കവിതയുമായി  ഹരിനാരായണൻ മാഷും ,കുഞ്ഞുവായനയെക്കുറിച്ചുള്ള വി ശേഷങ്ങളുമായി ബാലസാഹിത്യകാരൻ കൂടിയായ വിനോദ്കുമാർ മാഷും പരിപാടിക്ക് കൊഴുപ്പേകി.പ്രധാനാധ്യാപകൻ കെ.നാരായണൻ,അധ്യാപകരായ രാകേഷ്,സുരേഷ്,അശോകൻ,ബാലചന്ദ്രൻ എന്നിവരും സഹായികളായി ഒപ്പം ഉണ്ടായിരുന്നു.












                                                                                                  

Thursday 14 June 2012

രക്ഷാകർത്യ് സംഗമം-‘പഠനമികവിലേക്കൊരു കൂട്ടായ്മ‘.


കാഞ്ഞിരപ്പൊയിൽ: മുഴുവൻ കുട്ടികളെയും പഠനനേട്ടത്തിന്റെ അവകാശികളാക്കുകയെന്ന ലക്ഷ്യത്തോടെ രൂപം നൽകിയ തനിമയാർന്ന വാർഷികപദ്ധതിക്ക് മൂർത്തരൂപം നൽകുന്നതിനായി കാഞ്ഞിരപ്പൊയിൽ ഗവ:യു.പി.സ്കൂളിൽ ജൂൺ13നു ഉച്ചയ്ക്കു 2 മണിമുതൽ വൈകുന്നേരം 5 മണിവരെ സംഘടിപ്പിച്ചരക്ഷാകർത്യ് സംഗമം-‘പഠനമികവിലേയ്ക്കൊരു കൂട്ടായ്മ‘-രക്ഷിതാക്കളുടെ പൂർണപങ്കാളിത്തം കൊണ്ടും,ഉള്ളടക്കത്തിന്റെ പുതുമ കൊണ്ടും ശ്രദ്ധേയമായി.വർഷാവസാനമാകുമ്പോഴേക്കും ഓരോക്ലാസ്സിലെയും കുട്ടികൾ കൈവരിക്കേണ്ടുന്ന പഠനനേട്ടങ്ങളും,അതിനായി തങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളും അക്കമിട്ടു നിരത്തിക്കൊണ്ട് അധ്യാപകർ നടത്തിയ ലക്ഷ്യപ്രഖ്യാപനം രക്ഷിതാക്കൾക്കു വേറിട്ട അനുഭവമായി.മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രീത.എസ് കൂട്ടായ്മ ഉൽഘാടനം ചെയ്തു.കെട്ടിടം,ഫർണിച്ചർ തുടങ്ങി ഭൌതിക സാഹചര്യങ്ങളുടെ കാര്യത്തിലുള്ള പരാധീനതകൾ പരിഹരിച്ചുകൊണ്ട് ശിശുസൌഹ്യ്യ് ദ വിദ്യാലയസങ്കൽ‌പ്പം യാതാർഥ്യമാക്കുന്നതിനാവശ്യമായ നടപടികൾ പഞ്ചായത്തിന്റ് ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രസിഡന്റിന്റെ പ്രഖ്യാപനം അധ്യാപകർക്കും,രക്ഷിതാക്കൾക്കും ആവേശം പകരുന്നതായി.സ്നേഹവും,അംഗീകാരവും കൊതിക്കുന്ന കുഞ്ഞുമനസ്സുകളെ കാണാതെ കുറ്റപ്പെടുത്തലുകളിലൂടെ അവരുടെ മാനസികാരൊഗ്യം തകർക്കുന്ന രക്ഷാകർത്യ്യ് മനസ്സു മാറണമെന്ന സന്ദേശം നൽകിക്കൊണ്ട് എസ്.എസ്.എ ജില്ലാ പ്രൊജെക്റ്റ് ഓഫീസർ ഡോ:എം ബാലൻ നടത്തിയ ക്ലാസ്സ്- - ‘രക്ഷിതാവറിയാൻ‘-എറെ ശ്രദ്ധയോടെയാണ് രക്ഷിതാക്കൾ കേട്ടത്..‘’പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ നാണയ ശേഖരത്തിലെ ക്ലാവുപിടിച്ച ചെമ്പുനാണയം പോലെ‘’യാണെന്ന് ബാലൻ മാഷ് രക്ഷിതാക്കളെ ഒർമ്മിപ്പിച്ചു. എൽ.എസ്.എസ്.വിജയികളായ വിസ്മയ,യുസ് ലീമ എന്നിവർക്കു പി.ടി.എ എർപ്പെടുത്തിയ ഉപഹാരവും മാഷ് വിതരണം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പട്ടിക വർഗ വിഭാഗം കുട്ടികൾക്കുള്ള ലംപ്സം ഗ്രാന്റിന്റെയും, സ്റ്റൈപ്പെന്റിന്റെയും വിതരണോൽഘാടനം മദർ പി.ടി.എ പ്രസിഡന്റ് സരിത മുടിക്കാനം നിർവഹിച്ചു.അധ്യാപകരായ രാജേഷ്.പി, വിനോദ്കുമാർ.പി.വി എന്നിവർ വാർഷിക പദ്ധതി വിശദീകരിച്ചു.പ്രധാനാധ്യാപകൻ കെ.നാരായണൻ സ്വാഗതവും,നന്ദകുമാർ എ.സി നന്ദിയും പറഞ്ഞു.എ.പി.എൽ,ബി.പി.എൽ വേർതിരിവില്ലാതെ മുഴുവൻ കുട്ടികൾക്കും സൌജന്യ യൂണിഫോം ലഭ്യമാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ചുകൊണ്ടാണ് കൂട്ടായ്മ സമാപിച്ചത്.











Tuesday 12 June 2012

കുഞ്ഞുകൈകളിൽ കുഞ്ഞുതൈകൾ...സ്കൂൾമുറ്റം പച്ചയണിയിക്കാൻ


കാഞ്ഞിരപ്പൊയിൽ:‘’ഞാൻ നട്ട മരം... എന്റെ മരം, ഞങ്ങൾ നട്ട മരം.. ഞങ്ങളുടെ മരം,നമ്മൾ നട്ട മരം..നമ്മുടെമരം’‘ എന്റെ മരം,നമ്മുടെ മരമായി  വളരുമ്പോൾ സ്കൂൾ മുറ്റം ഹരിതാഭമായി മാറുന്ന കാഴ്ച ഭാവനയിൽ കാണുകയാണ് കാഞ്ഞിരപ്പൊയിൽ സ്കൂളിലെ കുരുന്നുകൾ.‘എന്റെ മരം ‘പദ്ധതിയുടെ ഭാഗമായി പരിസരദിനത്തിൽ തങ്ങൾക്കു ലഭിച്ച കുഞ്ഞുതൈകൾ സ്കൂൾ പറമ്പിൽത്തന്നെ നട്ടു പരിപാലിക്കുമെന്ന തീരുമാനം ഒന്നാം ക്ലാസ്സിലെ കുട്ടികൾ എടുത്തപ്പോൾ രണ്ടും മൂന്നും ക്ലാസ്സിലെ കൂട്ടുകാരും അവർക്കൊപ്പം ചേർന്നു.പൂർണ പിന്തുണയുമായി ക്ലാസ്സധ്യാപകരും,ഇക്കോ ക്ലബ്ബിലെ മുതിർന്ന ചേട്ടന്മാരും എത്തിയപ്പോൾ പിന്നെ താമസിച്ചില്ല.ഇടയ്ക്കിടെ പെയ്ത ചാറ്റൽ മഴയെ കൂസാതെ കുഞ്ഞുകൈകൾ ,മരത്തൈകളുമായി സ്കൂൾ മുറ്റത്ത് അണിനിരന്നു.ഓരോ ക്ലാസ്സുകാരും തങ്ങൾക്കു നീക്കിവെച്ച ഇടങ്ങളിൽ അധ്യാപികമാരുടെ സഹായത്തോടെ ഓരോന്നോരോന്നായി നട്ടു പിടിപ്പിച്ചു..ഒന്നാം  ക്ലാസ്സുകാർ രണ്ടു കുട്ടികൾ വീതമൂള്ള ഗ്രൂപ്പുകളായാണ് മരം നട്ടത്..ഇവയുടെ പരിപാലനം അവർക്കു തന്നെയായിരുക്കുമെന്ന് ബീനടീച്ചർ ഓർമ്മിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ സന്തോഷം..തങ്ങൾ  ഏഴാം ക്ലാസ്സു കഴിഞ്ഞ് സ്കൂളിൽ നിന്നും വിട പറയുമ്പോഴേക്കും ഈ തൈകൾ വലിയ മരങ്ങളായി മാറുന്നതു കാണാൻ കാത്തിരിക്കുകയണ് കാഞ്ഞിരപ്പൊയിലിലെ കുരുന്നുകൾ....തൈകളുടെ വിതരണോൽഘാടനം പ്രധാനാധ്യാപകൻ കെ. നാരായണൻ നിർവഹിച്ചു.ക്ലാസ്സധ്യാപകരായ ബീന,സീത,സുരേഷ് എന്നിവരും ഇക്കോ ക്ലബ്ബിന്റെ ചുമതലക്കാരനായ ബാലചന്ദ്രൻ മാഷും,അധ്യാപകരായ വിനോദ്കുമാർ,രാകേഷ്,രാജേഷ് എന്നിവരും തൈകൾ നടുന്നതിന് കുട്ടികളെ സഹായിച്ചു.