കാഞ്ഞിരപ്പൊയിൽ:‘അമ്മേ,അമ്മേ.. ഈ കഥ വായിച്ചു താ...’ബീന ടീച്ചർ നൽകിയ പുസ്തകങ്ങളുമായി കുട്ടികൾ അമ്മമാർക്കു ചുറ്റും കൂടി.ക്ലാസ്സ് പി.ടി.എ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ അമ്മമാർ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും ടീച്ചർ കാര്യം വിശദീകരിച്ചപ്പോൾ അവർക്ക് ഏറെ ഉത്സാഹം..വായനാവാരത്തിന്റെ ഭാഗമായി ടീച്ചർ നൽകിയ പുസ്തകം,വീട്ടിൽ പോയി അമ്മയോട് വായിച്ചുതരാൻ പറയണമെന്ന് രാവിലെ തന്നെ ടീച്ചർ കുട്ടികളെ ചട്ടം കെട്ടിയിരുന്നു.അതാണ് അമ്മമാരെ കണ്ടപ്പോൾത്തന്നെ കുട്ടികൾ അടുത്തേക്കോടിയെത്തിയത്.കാഞ്ഞി രപ്പൊയിൽ ഗവ.യു.പി.സ്കൂളിൽ ആസൂത്രണം ചെയ്ത ‘അമ്മ വായനയിൽ നിന്ന് കുഞ്ഞുവായനയിലേക്ക്‘ എന്ന പരിപാടിക്ക് , ഒന്നും രണ്ടും ക്ലാസ്സുകളിലെ ക്ലാസ്സ് പി.ടി.എ യോഗത്തോടെ വായനാദിനത്തിൽ തുടക്കം കുറിച്ചു.യോഗത്തിന്റ് തുടർച്ചയായി പൊതു വേദിയിൽ വെച്ച് ഒന്നാം ക്ലാസ്സിലെ 22 കുട്ടികളും തങ്ങൾക്കു ലഭിച്ച പുസ്തകങ്ങൾ അമ്മമാർക്കു കൈമാറിക്കൊണ്ട് വായനാവാരത്തിന്റെ ഉൽഘാടകരായപ്പോൾ അതിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അമ്മമാർക്ക് അതിയായ സന്തോഷം.തങ്ങൾക്കു കിട്ടിയ പുസ്തകം സദസ്യർക്കു പരിചയപ്പെടുത്തിയ ശേഷമാണ് അവർ വേദി വിട്ടത്.രണ്ടാം ക്ലാസ്സിലെ അമ്മമാരുടെ യോഗത്തിൽ വെച്ച് വായനാസാമഗ്രികൾ പരിചയപ്പെടുത്തിക്കൊണ്ടാണ് സീത ടീച്ചർ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.റ്റീച്ചർ വായിച്ച കഥയുടെ ബാക്കി, കുട്ടികൾ വ്യക്തിഗതമായി എഴുതുന്നതും,ഗ്രൂപ്പിൽ പങ്കുവെച്ചു മെച്ചപ്പെടുത്തുന്നതും നേരിൽ കണ്ട അമ്മമാർക്ക് മക്കളുടെ കഴിവിൽ അഭിമാനം!വരും ദിവസങ്ങളിൽ മറ്റുക്ലാസ്സുകളിലും ക്ലാസ്സ് പി.ടി.എ യോഗങ്ങൾ ചേർന്ന് വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ കുട്ടികൾ ഒരുക്കുന്നുണ്ട്.,പുസ്തകച്ചങ്ങാ ത്തം,പുസ്തക പ്രദർശനം,സാഹിത്യ ക്വിസ്,സംവാദം,സെമിനാർ ,കവിതാസ്വാദനം,പത്രവിശേഷം തുടങ്ങിയ പരിപാടികളും വായനാവാരത്തോടനുബബ്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കും.ഉൽഘാടനയോഗത്തിൽ വെച്ച് ,മൂന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികൾ നടത്തിയ പി.എൻ.പണിക്കർ അനുസ്മരണപ്രസംഗങ്ങളും മികച്ച നിലവാരം പുലർത്തി.അധ്യാപകനായ എ.സി.നന്ദകുമാറായിരുന്നു ഉൽഘാടന പരിപാടിയുടെ അവതാരകൻ.‘’പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?’‘ എന്ന എൻ.വി. ക്യ് ഷ്ണവാര്യരുടെ കവിതയുമായി ഹരിനാരായണൻ മാഷും ,കുഞ്ഞുവായനയെക്കുറിച്ചുള്ള വി ശേഷങ്ങളുമായി ബാലസാഹിത്യകാരൻ കൂടിയായ വിനോദ്കുമാർ മാഷും പരിപാടിക്ക് കൊഴുപ്പേകി.പ്രധാനാധ്യാപകൻ കെ.നാരായണൻ,അധ്യാപകരായ രാകേഷ്,സുരേഷ്,അശോകൻ,ബാലചന്ദ്രൻ എന്നിവരും സഹായികളായി ഒപ്പം ഉണ്ടായിരുന്നു.
G U P S Kanhirapoil,Kasargode District,Kerala. ഗവ:യു.പി.സ്കൂൾ,കാഞ്ഞിരപ്പൊയിൽ, മടിക്കൈ ഗ്രാമപഞ്ചായത്ത്, കാസർഗോഡ് - ഫോൺ:04672269915
Thursday, 21 June 2012
Thursday, 14 June 2012
രക്ഷാകർത്യ് സംഗമം-‘പഠനമികവിലേക്കൊരു കൂട്ടായ്മ‘.

Tuesday, 12 June 2012
കുഞ്ഞുകൈകളിൽ കുഞ്ഞുതൈകൾ...സ്കൂൾമുറ്റം പച്ചയണിയിക്കാൻ
കാഞ്ഞിരപ്പൊയിൽ:‘’ഞാൻ നട്ട മരം... എന്റെ മരം, ഞങ്ങൾ നട്ട മരം.. ഞങ്ങളുടെ മരം,നമ്മൾ നട്ട മരം..നമ്മുടെമരം’‘ എന്റെ മരം,നമ്മുടെ മരമായി വളരുമ്പോൾ സ്കൂൾ മുറ്റം ഹരിതാഭമായി മാറുന്ന കാഴ്ച ഭാവനയിൽ കാണുകയാണ് കാഞ്ഞിരപ്പൊയിൽ സ്കൂളിലെ കുരുന്നുകൾ.‘എന്റെ മരം ‘പദ്ധതിയുടെ ഭാഗമായി പരിസരദിനത്തിൽ തങ്ങൾക്കു ലഭിച്ച കുഞ്ഞുതൈകൾ സ്കൂൾ പറമ്പിൽത്തന്നെ നട്ടു പരിപാലിക്കുമെന്ന തീരുമാനം ഒന്നാം ക്ലാസ്സിലെ കുട്ടികൾ എടുത്തപ്പോൾ രണ്ടും മൂന്നും ക്ലാസ്സിലെ കൂട്ടുകാരും അവർക്കൊപ്പം ചേർന്നു.പൂർണ പിന്തുണയുമായി ക്ലാസ്സധ്യാപകരും,ഇക്കോ ക്ലബ്ബിലെ മുതിർന്ന ചേട്ടന്മാരും എത്തിയപ്പോൾ പിന്നെ താമസിച്ചില്ല.ഇടയ്ക്കിടെ പെയ്ത ചാറ്റൽ മഴയെ കൂസാതെ കുഞ്ഞുകൈകൾ ,മരത്തൈകളുമായി സ്കൂൾ മുറ്റത്ത് അണിനിരന്നു.ഓരോ ക്ലാസ്സുകാരും തങ്ങൾക്കു നീക്കിവെച്ച ഇടങ്ങളിൽ അധ്യാപികമാരുടെ സഹായത്തോടെ ഓരോന്നോരോന്നായി നട്ടു പിടിപ്പിച്ചു..ഒന്നാം ക്ലാസ്സുകാർ രണ്ടു കുട്ടികൾ വീതമൂള്ള ഗ്രൂപ്പുകളായാണ് മരം നട്ടത്..ഇവയുടെ പരിപാലനം അവർക്കു തന്നെയായിരുക്കുമെന്ന് ബീനടീച്ചർ ഓർമ്മിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ സന്തോഷം..തങ്ങൾ ഏഴാം ക്ലാസ്സു കഴിഞ്ഞ് സ്കൂളിൽ നിന്നും വിട പറയുമ്പോഴേക്കും ഈ തൈകൾ വലിയ മരങ്ങളായി മാറുന്നതു കാണാൻ കാത്തിരിക്കുകയണ് കാഞ്ഞിരപ്പൊയിലിലെ കുരുന്നുകൾ....തൈകളുടെ വിതരണോൽഘാടനം പ്രധാനാധ്യാപകൻ കെ. നാരായണൻ നിർവഹിച്ചു.ക്ലാസ്സധ്യാപകരായ ബീന,സീത,സുരേഷ് എന്നിവരും ഇക്കോ ക്ലബ്ബിന്റെ ചുമതലക്കാരനായ ബാലചന്ദ്രൻ മാഷും,അധ്യാപകരായ വിനോദ്കുമാർ,രാകേഷ്,രാജേഷ് എന്നിവരും തൈകൾ നടുന്നതിന് കുട്ടികളെ സഹായിച്ചു. Monday, 11 June 2012
ആകാശവിസ്മയത്തിനു സാക്ഷ്യം വഹിക്കാൻ..
കാഞ്ഞിരപ്പൊയിൽ: ജ്വലിച്ചു നിൽക്കുന്ന സൂര്യനു മുമ്പിലൂടെ ഒരു കറുത്ത പൊട്ടുപോലെ ശുക്രൻ കടന്നുപോകുന്ന അത്യപൂർവമായ ആകാശവിസ്മയത്തിനു സാക്ഷികളാകാൻ കാഞ്ഞിരപ്പൊയിൽ യു.പി.സ്കൂളിലെ കുരുന്നുകൾ ഒരുങ്ങി..സൂര്യബിംബത്തെ ശുക്രഗ്രഹം തരണം ചെയ്യുന്ന ‘ശുക്രസംതരണം‘ എന്ന ഈ പ്രതിഭാസം ജൂൺ ആറിനു കാലത്ത് നിരീക്ഷിക്കുന്നതിനാവശ്യമായ പരിശീലനവും ക്ലാസ്സും സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തലേദിവസം തന്നെ നടത്തി.യുറീക്ക മാസികയുടെ പത്രാധിപസമിതി അംഗം കൂടിയായ സ്കൂളധ്യാപകൻ പി.വി.വിനോദ്കുമാർ പരിശീലനത്തിനു നേത്യ് ത്വം നൽകി..സുരക്ഷിതമായി സൂര്യനെ നിരീക്ഷിക്കുന്നതിനാവശ്യമായ സൌര കണ്ണടകൾ അധ്യാപകരുടെ സഹായത്തോടെ മുഴുവൻ കുട്ടികളും നിർമ്മിച്ചു.സ്വയം നിർമ്മിച്ച കണ്ണടകൾ ഉപയോഗിച്ച് സൂര്യബിംബത്തെ നിരീക്ഷിക്കാനും കുട്ടികൾ പരിശീലിച്ചു.105 വർഷത്തിനു ശേഷം 2117 ഡിസമ്പർ മാസത്തിൽ മാത്രമേ ഇനിയൊരു ശുക്രസംതരണംനടക്കുകയുള്ളു എന്നതിനാൽ ഇന്നു ജീവിച്ചിരിക്കുന്നവർക്കാർക്കും അതുകാണാനുള്ള ഭാഗ്യം ഉണ്ടാകില്ല.അതിനാൽ ഏതു വിധേനയും ഇതു കാണണം എന്ന താൽപ്പര്യം കുട്ടികളിലുണ്ടാക്കാൻ പരിശീലനത്തിലൂടെ സാധിച്ചു.സംതരണദിവസം രാവിലെ ഒമ്പതുമണിക്കുതന്നെ മുഴുവൻ കുട്ടികളും,അധ്യാപകരും സ്കൂളിൽ ഒത്തു ചേർന്ന് ആകാസവിസ്മയത്തിനു സാക്ഷ്യം വഹിക്കാൻ കാത്തു നിന്നുവെങ്കിലും മാനം തെളിഞ്ഞതേയില്ല...10 മണിയോടെ എല്ലാവരുംനിരാശയോടെ ക്ലാസ്സുകളിലേക്കു മടങ്ങി.
Friday, 8 June 2012
പുതിയ അധ്യയനവർഷത്തിന് മികച്ച തുടക്കം


അങ്ങനെ ഒരു വിദ്യാലയവർഷം കൂടി ആരംഭിച്ചിരിക്കുന്നു..ജൂൺ നാലിനു നടന്ന പ്രവേശനോത്സവം മികച്ചതാക്കി മാറ്റാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്...ദേശീയ ഗണിതശാസ്ത്രവർഷത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് സംഘടിപ്പിച്ച വിളംബരഘോഷയാത്ര കുട്ടികൾക്കും,അധ്യാപകർക്കും,നാട്ടുകാർക്കും പുതിയ അനുഭവമായി.സ്കൂൾ തുറക്കുന്നതിന് ഒരാഴ്ചമുമ്പ് മുഴുവൻ അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ നടത്തിയ ശിൽപ്പശാലയിൽ വെച്ച് ആവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്തത് പ്രവേശനോത്സവത്തിന്റെ സംഘാടനം കുറ്റമറ്റതാക്കാൻ സഹായിച്ചു. ശ്രീനിവാസരാമാനുജന്റെ വർണചിത്രം ആലേഖനം ചെയ്ത ബാഡ്ജ് നൽകിയാണ് മുഴുവൻ കുട്ടികളെയും ക്ലാസധ്യാപകർ സ്വീകരിച്ചത്.കടലാസ് തൊപ്പിയണിഞ്ഞ്,അക്കങ്ങളുടെ കാട്ടൌട്ടുകളും കയ്യിലേന്തി,മുദ്രാഗീതങ്ങൾ ആലപിച്ച് ഘോഷയാത്രയിൽ അണിനിരന്ന കുട്ടികൾ കാഴ്ചക്കാർക്ക് കൌതുകമായി..ഘോഷയത്രയ്ക്കു കൊഴുപ്പേകാൻ സ്കൂളിലെ അധ്യാപകർ തന്നെ ചെണ്ടക്കാരായപ്പോൾ അതും വേറിട്ട കാഴ്ചയായി.രക്ഷിതാക്കളുടെ പകാളിത്തവും മികച്ചതായിരുന്നു.മടിക്കൈ ഗ്രാമപഞ്ചായത്തംഗം കെ.കമലം പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാലയ വികസനസമിതി ചെയർമാൻ പി.ആർ.ബാലക്യ് ഷ്ണൻ,സ്റ്റാഫ് സെക്രട്ടറി പി.വി. വിനോദ്കുമാർ എന്നിവർ ആശാംസാ പ്രസംഗം നടത്തി.പ്രധാനാധ്യാപകൻ കെ.നാരായണൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് നന്ദകുമാർ നന്ദിയും പറഞ്ഞു.ഹരിനാരായണൻ മാഷ് നയിച്ച കൂട്ടപ്പാട്ട് കുട്ടികൾക്കു ഹരം പകർന്നു.ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും ബാഗ്,കുട,സ്ലേറ്റ്,പെൻസിൽ,പുസ്തകം,ക്രയോൺസ് എന്നിവയെല്ലാം സ്പോൺസർഷിപ്പിലൂടെപി.ടി.എ സമാഹരിച്ചു നൽകിയിരുന്നു..ഉച്ചയ്ക്ക് പായസം കൂടിയായപ്പോൾ ഈ വർഷത്തെ പ്രവേശനോത്സവം അക്ഷരാർഥത്തിൽ മധുരം നിറഞ്ഞതായി.
Subscribe to:
Posts (Atom)























































