Sunday, 22 July 2012

കൂട്ടുകാർക്ക് യൂണിഫോം നൽകി ഏഴാം ക്ലാസ്സിലെ കുട്ടികൾ മാത്യ് കയായി...









‘ഉച്ചക്കഞ്ഞീം പാഠപുസ്തകങ്ങളുമെല്ലാം എല്ലാ കുട്ടികൾക്കും കൊടുക്കുന്നുണ്ടല്ലോ..പിന്നെന്താ യൂണിഫോം മാത്രം കുറച്ചുകുട്ടികൾക്കു കൊടുക്കാത്തത്?’ഞങ്ങളുടെ സ്കൂളിലെ ഏഴാംക്ലാസിലെ കുട്ടികളുടേതാണ് ചോദ്യം.സർക്കാർ സൌജന്യമായി നൽകുന്ന യുണിഫോം പെൺകുട്ടികൾക്കും,എസ്.സി/എസ്.ടി
/ബി.പി.എൽ വിഭാഗം ആൺകുട്ടികൾക്കും മാത്രമേ ലഭിക്കൂ എന്ന കാര്യം അറിഞ്ഞപ്പോഴായിരുന്നു കുട്ടികളുടെ ഈ പ്രതികരണം.അധ്യാപകർ നിസ്സഹായരായി കൈ മലർത്തിയപ്പോൾ കുട്ടികൾ തന്നെ പരിഹാരവും കണ്ടെത്തി.പുതിയ യൂണിഫോം തുന്നിക്കിട്ടുമ്പോഴേക്കും ആഗസ്ത് മാസവും കഴിയും.പിന്നെ എഴ് മാസം കൂടിയല്ലേയുള്ളൂ..പുതിയ യൂണിഫോം ആഴ്ചയിൽ രണ്ടു ദിവസമല്ലേ വേണ്ടൂ..അത് തിങ്കളും വെള്ളിയും ആക്കിയാൽ ഒരു ജോടി യൂണിഫോം കൊണ്ട് ഇക്കൊല്ലം കഴിക്കാമല്ലോ..അടുത്ത വർഷം പുതിയ സ്കൂളിലേക്ക് പോകുന്ന ഞങ്ങൾക്ക് പിന്നെന്തിനാ രണ്ടു ജോടി? അതിനാൽ  തങ്ങൾക്കു ലഭിക്കുന്ന രണ്ടു ജോടി യൂണിഫോമുകളിൽ ഒന്ന് ,സർക്കാറിന്റെ ഭാഷയിൽ യൂണിഫോമിന് അർഹതയില്ലാത്ത കൂട്ടുകാർക്കു നൽകുക! ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അർഹരായ മുഴുവൻ കുട്ടികൾക്കുംരണ്ടു ജോടി വീതം യൂണിഫോംനൽകുവാനുള്ള തുണി സ്കൂളിൽ എത്തിച്ചപ്പോൾ ഇതിൽ നിന്നും തങ്ങൾക്കു ലഭിച്ച രണ്ടു ജോടിയിൽ ഒന്ന് കൂട്ടുകാർക്കു നകാനായി ഏഴാം തരത്തിലെ കുട്ടികൾ അധ്യാപകരെ തിരിച്ചേൽ‌പ്പിക്കുകയായിരുന്നു.മക്കളുടെ തീരുമാനം രക്ഷിതാക്കളും അംഗീകരിച്ചതോടെ എ.പി.എൽ,ബി.പി.എൽ  വ്യത്യാസമില്ലാതെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യൂണിഫോം വിതരണം ചെയ്യാൻ പി.ടി.എ കമ്മറ്റിയും തീരുമാനിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ യൂണിഫോം വിതരണത്തിന്റെ ഉൽഘാടനം പി.ടി.എ പ്രസിഡന്റ് എം.രാജൻ നിർവഹിച്ചു. തുടർന്ന് ഒന്ന്,രണ്ട് ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും രണ്ടു ജോടി വീതം യൂണിഫോം ക്ലാസ്സധ്യാപികമാരായ ബീന ടീച്ചറും,സീത ടീച്ചറും അസംബ്ലിയിൽ വെച്ചു തന്നെ നൽകി.മറ്റു ക്ലാസ്സിലെ കുട്ടികൾക്ക് അവരവരുടെ ക്ലാസ്സിൽ വെച്ച് ബന്ധപ്പെട്ട അധ്യാപകർ യൂണിഫോം നൽകിയതോടെ മുഴുവൻ കുട്ടികൾക്കും സൌജന്യയൂണിഫോം എന്ന സ്വപ്നം യാഥാർഥ്യമായി. .മാത്യ് കാപരമായ തീരുമാനം കൈക്കൊണ്ട എഴാം തരത്തിലെ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.

Thursday, 12 July 2012

ദിനാചരണങ്ങൾ അർഥപൂർണമാകുമ്പോൾ....

 കേവലമായ ചടങ്ങുകൾക്കപ്പുറം ദിനാചരണങ്ങൾ അർഥപൂർണമായ ക്ലാസ്സ് റും പ്രവർത്തനങ്ങളായി മാറുകയാണ് കാഞ്ഞിരപ്പൊയിൽ ഗവ:യു.പി.സ്കൂളിൽ. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സംഘടിപ്പിച്ച പരിപാടികൾ തന്നെ ഇതിന്റെ തെളിവ്. ജൂലായ് 5നു സ്കുൾ അസംബ്ലിയിൽ ബഷീർ അനുസ്മരണത്തോടെ ആരംഭിച്ച പരിപാടികൾ സമാപിച്ചത് പത്താം തീയ്യതി അസംബ്ലിയിൽ നടന്ന പതിപ്പുകളുടെ പ്രകാശനത്തോടെയാണ്..ഇതിനിടയിൽ ബഷീർ സ്മരണകളുണർത്തുന്ന ചാരുകസേരയ്ക്കരികിൽ ഒരുക്കിയ ബഷീർ ക്യ് തികളുടെ പ്രദർശനം കാണാനും,വായിക്കാനുമുള്ള അവസരം കുട്ടികൾക്കു ലഭിച്ചു.വിവിധ പത്രങ്ങളിലെ വിദ്യാഭ്യാസ സപ്ലിമെന്റുകളിൽ വന്ന ബഷീർ വിശേഷങ്ങൾ ക്ലാസ്സുമുറികളിൽ ചർച്ച ചെയ്തു..അനുസ്മരണപ്രസംഗങ്ങൾ,പു
സ്തകാസ്വാദനം തുടങ്ങിയ പ്രവർത്തനങ്ങളുംക്ലാസ്സുകളിൽ നടന്നു..ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ഇടവേളകളും,അവധിദിനങ്ങളും പ്രയോജനപ്പെടുത്തി ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ രൂപപ്പെട്ട പതിപ്പുകൾ ഒന്നിനൊന്നു മെച്ചമായിരുന്നു.കാസർഗോഡ് ഡയറ്റിൽ നിന്നും പരിശീലനത്തിനായി എത്തിയ അധ്യാപക വിദ്യാർഥികളാണ് പതിപ്പുകൾ പ്രകാശനം ചെയ്തത്.പ്രകാശനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ‘റേഡിയോക്വിസ്‘ വേറിട്ട അനുഭവമായി.സ്കൂളിലെ റേഡിയോ നിലയത്തിൽ നിന്നും ക്വിസ്മാസ്റ്റർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തങ്ങളുടെ ക്ലാസ്സുമുറികളിൽ ഇരുന്നുകൊണ്ട് കുട്ടികൾ തത്സമയം ഉത്തരം എഴുതുകയായിരുന്നു.അധ്യാപകരും,അധ്യാപക വിദ്യാർഥികളും തത്സമയം തന്നെ സ്കോറുകൾ രേഖപ്പെടുത്തുകയും അസംബ്ലിയിൽ വെച്ച് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.ഒരാഴ്ചക്കാലം നടത്തിയ പരിപാടികളിലൂടെ കഥകളുടെ സുൽത്താനെ അടുത്തറിയാൻ കുട്ടികൾക്കു കഴിഞ്ഞു എന്നത്തിന്റെ തെളിവുകൂടിയായി ക്വിസ് മത്സരത്തിലെ ഓരൊരുത്തരുടെയും മികച്ച പ്രകടനം.
















Friday, 29 June 2012

രക്ഷിതാക്കൾക്ക് ആവേശം പകർന്ന് കാഞ്ഞിരപ്പൊയിലിലെ ക്ലാസ്സ് പി.ടി.എ

 പുതിയ  അധ്യയനവർഷത്തിലെ ആദ്യ മാസം പിന്നിടുമ്പോൾ ഞങ്ങൾ സംത്യ് പ്തരാണ്.പ്രവേശനോത്സവദിവസം ഉണ്ടായ ആവേശവും,കൂട്ടായ്മയും നിലനിർത്താൻ കഴിഞ്ഞു എന്നതുതന്നെയാണ് ഇതിനു കാരണം..ക്ലാസ് റൂം പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കാനും,നടന്ന കാര്യങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്താനും  സാധിച്ചിട്ടുണ്ട്..ജൂൺ രണ്ടാം വാരത്തിൽ വിളിച്ചുചേർത്ത രക്ഷാകർത്യ് സംഗമത്തിലെ
 പൂർണപങ്കാളിത്തം നൽകിയ ആവേശം ചെറുതല്ല.ഈ യോഗത്തിൽ വെച്ചാണ് ഒരുവർഷത്തെ അക്കാദമിക ലക്ഷ്യം രക്ഷിതാക്കൾക്കു മുമ്പിൽ അവതരിപ്പിച്ചത്.അത് നേടിയെടുക്കാനാവശ്യമായ പരിപൂർണ  സഹകരണം അവർ വാഗ്ദാനം ചെയ്തത് ശരിയായിരുന്നു എന്നതിന്റെ തെളിവായിരുന്നു വായനാവാരത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് പി.ടി.എ യോഗങ്ങളിലെ മികച്ച പങ്കാളിത്തവും ചർച്ചയും.
 സാമ്പ്രദായികരീതികളിൽ നിന്ന് വ്യത്യസ്തമായി ആസൂത്രണം ചെയ്ത സി.പി.ടി.എ യോഗങ്ങൾ രക്ഷിതാക്കൾ സഹർഷം സ്വാഗതം ചെയ്തു.എല്ലാ ക്ലാസ്സുകളിലും കൂടി എൺപതുശതമാനം പേരാണ് യോഗങ്ങളിൽ പങ്കെടുത്തതെന്ന റിപ്പോർട്ട് പി. ടി. എ  യോഗത്തിൽ വെച്ചപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു,  “ഇതേരീതിയിൽ  ക്ലാസ്സ് പി.ടി.എ  യോഗങ്ങൾ സംഘടിപ്പിച്ചാൽ തീർച്ചയായും അടുത്ത യോഗത്തിലെ പങ്കാളിത്തം നൂറുശതമാനം ആയി ഉയരും.” അധ്യാപകൻ ക്ലാസ്സ് എടുക്കുന്നത് നേരിൽ കാണാൻ അവസരം ലഭിച്ചത് എല്ലാവരെയും സന്തോഷിപ്പിച്ചു.ക്ലാസ്സിൽ തന്റെ കുട്ടിയുടെ പ്രതികരണവും,പ്രകടനവും കാണാനും അവർക്ക് അവസരം ലഭിച്ചു.പ്രവർത്തനങ്ങളിലൂ‍ടെ രൂപപ്പെട്ട ഉൽ‌പ്പന്നങ്ങളുടെ പ്രദർശനവും ചില ക്ലാസ്സുകളിൽ നടത്തുകയുണ്ടായി.
                സമയക്ലിപ്തതയോടെ യോഗങ്ങൾ നടത്താൻ സാധിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത.രണ്ടുമണിമുതൽ നാലുമണിവരെയായിരുന്നു യോഗസമയം.ക്യ് ത്യസമയത്ത് എത്തിയ ആളുകൾക്ക് മറ്റുള്ളവരെ കാത്ത് നേരം കളയാതെ, നേരെ ക്ലാസ്സ് മുറിയിൽ കയറി ഇരിക്കാം..അവിടെ അധ്യാപകന്റെ ക്ലാസ്സ്നടക്കുകയായിരിക്കും..അതു കാണാം. കൂടുതൽ രക്ഷിതാക്കൾ എത്തുന്ന മുറയ്ക്ക് കുട്ടികളുടെ പ്രകടനങ്ങൾ ആരംഭിക്കും.കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട സ്കിറ്റുകൾ,നാടൻപാട്ടുകൾ,ലഘു നാടകം,സംഭാഷണം......എന്നിങ്ങനെ ഓരോ ക്ലാസ്സിലും വ്യത്യസ്തങ്ങളായ വിഭവങ്ങൾ അധ്യാപകനും കുട്ടികളും ചേർന്ന് റെഡിയാക്കിയിട്ടുണ്ടാവും..ഒപ്പം വായനാ പ്രവർത്തനങ്ങളും നിർബന്ധമായും ഉണ്ടാവും.ആറം ക്ലാസ്സിലെ കൊച്ചുമിടുക്കി ചങ്ങമ്പുഴയുടെ ‘വാഴക്കുല’രക്ഷിതാക്കൾക്കു പരിചയപ്പെടുത്തിയത് ശ്രദ്ധേയമായി..
..ഏഴാം തരത്തിൽ വിനോദ്മാഷും,ആറാം  തരത്തിൽ രാകേഷ്മാഷും എടുത്ത ഇംഗ്ലീഷ് ക്ലാസ്സുകളും,അഞ്ചാംതരത്തിൽ ഹരിനാരായണൻ മാഷ് എടുത്ത ഹിന്ദി ക്ലാസ്സും രക്ഷിതാക്കൾക്കു പുതിയ അനുഭവമായി..മലയാളത്തിൽ വിശദീകരിക്കാതെ  തന്നെ ഇംഗ്ലീഷും ഹിന്ദിയും ഭംഗിയായി കൈകാര്യം ചെയ്യാൻ പറ്റുമെന്ന തിരിച്ചറിവ് പകർന്നു നൽകാൻ ഈ ക്ലാസ്സുകൾ ഉപകരിച്ചു.
 ...കുട്ടികൾ ഉണ്ടാക്കിയ ‘യുറീക്ക’ പരിചയപ്പെടുത്തിക്കൊണ്ട് നമ്മുടെ കുഞ്ഞുങ്ങൾക്കും ഇതുപോലെ എഴുതാനാകുമെന്ന് വിനോദ്മാഷ് പറഞ്ഞപ്പോൾ പലർക്കും വിശ്വാസമായില്ല.അടുത്ത യോഗത്തിനു വരുമ്പോൾ നേരിൽകണ്ട് ബോധ്യപെടാൻ അവസരം ഒരുക്കാമെന്ന് മാഷ് ഉറപ്പുനൽകി.
.                       ..വായനാശീലം വളർത്താനായി നാലിലാംകണ്ടം യു.പി.സ്കൂളിൽ തയ്യാറാക്കിയ ‘വായനയുടെ വസന്തം’ എന്ന വായനാസാമഗ്രി ഉപയോഗിച്ചാണ് ചില ക്ലാസ്സുകളിൽ വായനാപ്രവർത്തനങ്ങൾ വിശദീകരിച്ചത്.മുഴുവൻ കുട്ടികളെയും സ്വതന്ത്രവായനക്കാരാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇതുപോലുള്ള സാമഗ്രികൾ സഹായിക്കുമെന്ന് അധ്യാപകർ വ്യക്തമാക്കി..
 .


 മൂന്നാംക്ലാസ്സിൽ സുരേഷ് മാഷും കുട്ടികളും നാടൻ പാട്ടും,അഭിനയവും,വായനയും ഒക്കെയായി മുന്നേറിയപ്പോൾ,രക്ഷിതാക്കൾക്കും നല്ല താൽ‌പ്പര്യം.കുട്ടികളുടെ പ്രവർത്തനങ്ങളെ സൂചകങ്ങൾ വെച്ച് വിലയിരുത്താനും മാത്യ് കാ വായന നടത്താനും അവർ തയ്യാറായി. തങ്ങളുടെ മക്കളുടെ വായന മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യണമെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകാനും ഇത് സഹായകമായി.


 യു.പി.ക്ലാസ്സുകളിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഓരോ ക്ലാസ്സിലും പോയി രക്ഷിതാക്കളുമായി പരിചയപ്പെടുകയും തങ്ങൾ എടുക്കുന്ന വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.പ്രധാനാധ്യാപകൻ മുഴുവൻ യോഗങ്ങളിലും നേരിട്ടു പോയി സ്കൂളിന്റെ പൊതുവായ കാര്യങ്ങൾ സംസാരിച്ചു.ഇനിയങ്ങോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്തുക എന്നതും ഈ സന്ദർശനത്തിന്റെ ലക്ഷ്യമായിരുന്നു.തീർച്ചയായും അതുണ്ടാകുമെന്നു തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
















Thursday, 21 June 2012

കുഞ്ഞുങ്ങൾ ഉൽഘാടകരായി,കൂട്ടിന് അമ്മമാരും.

കാഞ്ഞിരപ്പൊയിൽ:‘അമ്മേ,അമ്മേ..ഈ കഥ വായിച്ചു താ...’ബീന ടീച്ചർ നൽകിയ പുസ്തകങ്ങളുമായി കുട്ടികൾ അമ്മമാർക്കു ചുറ്റും കൂടി.ക്ലാസ്സ് പി.ടി.എ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ അമ്മമാർ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും ടീച്ചർ കാര്യം വിശദീകരിച്ചപ്പോൾ അവർക്ക് ഏറെ ഉത്സാഹം..വായനാവാരത്തിന്റെ ഭാഗമായി ടീച്ചർ നൽകിയ പുസ്തകം,വീട്ടിൽ പോയി അമ്മയോട് വായിച്ചുതരാൻ പറയണമെന്ന് രാവിലെ തന്നെ ടീച്ചർ  കുട്ടികളെ  ചട്ടം കെട്ടിയിരുന്നു.അതാണ് അമ്മമാരെ കണ്ടപ്പോൾത്തന്നെ കുട്ടികൾ അടുത്തേക്കോടിയെത്തിയത്.കാഞ്ഞിരപ്പൊയിൽ ഗവ.യു.പി.സ്കൂളിൽ ആസൂത്രണം ചെയ്ത ‘അമ്മ വായനയിൽ നിന്ന് കുഞ്ഞുവായനയിലേക്ക്‘ എന്ന പരിപാടിക്ക് , ഒന്നും രണ്ടും ക്ലാസ്സുകളിലെ ക്ലാസ്സ് പി.ടി.എ യോഗത്തോടെ വായനാദിനത്തിൽ തുടക്കം കുറിച്ചു.യോഗത്തിന്റ് തുടർച്ചയായി പൊതു വേദിയിൽ വെച്ച് ഒന്നാം ക്ലാസ്സിലെ 22 കുട്ടികളും തങ്ങൾക്കു ലഭിച്ച പുസ്തകങ്ങൾ അമ്മമാർക്കു കൈമാറിക്കൊണ്ട് വായനാവാരത്തിന്റെ ഉൽഘാടകരായപ്പോൾ അതിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അമ്മമാർക്ക് അതിയായ സന്തോഷം.തങ്ങൾക്കു കിട്ടിയ പുസ്തകം സദസ്യർക്കു പരിചയപ്പെടുത്തിയ ശേഷമാണ് അവർ വേദി വിട്ടത്.രണ്ടാം ക്ലാസ്സിലെ അമ്മമാരുടെ യോഗത്തിൽ വെച്ച് വായനാസാമഗ്രികൾ പരിചയപ്പെടുത്തിക്കൊണ്ടാണ് സീത ടീച്ചർ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്.റ്റീച്ചർ വായിച്ച കഥയുടെ ബാക്കി, കുട്ടികൾ വ്യക്തിഗതമായി എഴുതുന്നതും,ഗ്രൂപ്പിൽ പങ്കുവെച്ചു മെച്ചപ്പെടുത്തുന്നതും നേരിൽ  കണ്ട അമ്മമാർക്ക് മക്കളുടെ കഴിവിൽ അഭിമാനം!വരും ദിവസങ്ങളിൽ മറ്റുക്ലാസ്സുകളിലും ക്ലാസ്സ് പി.ടി.എ യോഗങ്ങൾ ചേർന്ന് വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ കുട്ടികൾ ഒരുക്കുന്നുണ്ട്.,പുസ്തകച്ചങ്ങാത്തം,പുസ്തക പ്രദർശനം,സാഹിത്യ ക്വിസ്,സംവാദം,സെമിനാർ ,കവിതാസ്വാദനം,പത്രവിശേഷം തുടങ്ങിയ പരിപാടികളും വായനാവാരത്തോടനുബബ്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കും.ഉൽഘാടനയോഗത്തിൽ വെച്ച് ,മൂന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികൾ നടത്തിയ പി.എൻ.പണിക്കർ അനുസ്മരണപ്രസംഗങ്ങളും മികച്ച നിലവാരം പുലർത്തി.അധ്യാപകനായ എ.സി.നന്ദകുമാറായിരുന്നു ഉൽഘാടന പരിപാടിയുടെ അവതാരകൻ.‘’പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?’‘ എന്ന എൻ.വി. ക്യ് ഷ്ണവാര്യരുടെ കവിതയുമായി  ഹരിനാരായണൻ മാഷും ,കുഞ്ഞുവായനയെക്കുറിച്ചുള്ള വി ശേഷങ്ങളുമായി ബാലസാഹിത്യകാരൻ കൂടിയായ വിനോദ്കുമാർ മാഷും പരിപാടിക്ക് കൊഴുപ്പേകി.പ്രധാനാധ്യാപകൻ കെ.നാരായണൻ,അധ്യാപകരായ രാകേഷ്,സുരേഷ്,അശോകൻ,ബാലചന്ദ്രൻ എന്നിവരും സഹായികളായി ഒപ്പം ഉണ്ടായിരുന്നു.